പണി അറിയാത്തവരെ ഈ ജോലിക്ക് നിര്‍ത്തരുത്; റഫറിക്കെതിരെ പൊട്ടിത്തെറിച്ച്‌ മെസ്സി

ദോഹ: ആവേശകരമായ നെതര്‍ലന്‍ഡ്സ്-അര്‍ജന്‍റീന ക്വാര്‍ട്ടര്‍ പോരില്‍ 18 മഞ്ഞകാര്‍ഡുകളാണ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി മാതേവു ലാഹോസ് പുറത്തെടുത്തത്.

ഇതില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയടക്കം എട്ടു അര്‍ജന്‍റീന താരങ്ങളും ഏഴു നെതര്‍ലന്‍ഡ്സ് താരങ്ങളും ഉള്‍പ്പെടും.

ഡെന്‍സല്‍ ഡെംഫ്രീസിന് രണ്ടു മഞ്ഞകാര്‍ഡുമായി മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ചു. റഫറി കാര്‍ഡ് ഉയര്‍ത്താന്‍ കാണിച്ച തിടുക്കം മത്സരത്തിന്‍റെ ആവേശം കെടുത്തിയെന്ന വിമര്‍ശനം ശക്തമാണ്. നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന ജയിച്ചത്. മത്സരത്തിനുശേഷം റഫറിക്കെതിരെ മെസ്സി രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്.

പണി അറിയാത്തവരെ ഈ ജോലിക്ക് നിര്‍ത്തരുതെന്ന തരത്തിലായിരുന്നു മെസ്സിയുടെ വിമര്‍ശനം. ‘റഫറിയെ കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അവര്‍ വിലക്കേര്‍പ്പെടുത്തും. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് ജനം നേരിട്ട് കണ്ടതാണ്’ -മെസ്സി പറഞ്ഞു.

ഫിഫ ഇത് ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു, ഇത്രയും പ്രാധാന്യമുള്ള ഒരു മത്സരത്തിന് ഇത്തരത്തില്‍ ഒരു റഫറിയെ ഇടാന്‍ പാടില്ലായിരുന്നു. ചുമതല നിര്‍വഹിക്കുന്നതില്‍ റഫറി പരാജയപ്പെടരുതെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ഫൈനല്‍ നിയന്ത്രിക്കാനുള്ള റഫറിമാരുടെ സാധ്യത പട്ടികയില്‍ ലാഹോസിന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

2006ലെ ലോകകപ്പില്‍ പോര്‍ചുഗല്‍-നെതര്‍ലന്‍ഡ്സ് മത്സരത്തിനിടെ റഫറി 16 മഞ്ഞകാര്‍ഡുകള്‍ പുറത്തെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ‘ബാറ്റില്‍ ഓഫ് ന്യൂറംബര്‍ഗ്’ എന്ന പേരിലാണ് അന്നത്തെ മത്സരം അറിയപ്പെട്ടിരുന്നത്. ഈ റെക്കോഡാണ് അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് മത്സരത്തോടെ പഴങ്കഥയായത്.

prp

Leave a Reply

*