ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡബ്ല്യുസിസിയും പ്രസിഡന്‍റ് റിമ കല്ലിങ്കലുമാണ് ഹര്‍ജിക്കാര്‍. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാന്‍ നിയമം സൊസൈറ്റികള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. അമ്മ സംഘടനയില്‍ ഇത്തരം സംവിധാനമില്ലാത്തതു നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ‘അമ്മ’യ്ക്കു നിയമപരമായ ബാധ്യതയുണ്ടെന്നു പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഡബ്ല്യുസിസി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പദ്മിനി വെളിപ്പെടുത്തിയത് ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ തന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ ഇന്‍റേണല്‍ കംപ്ലൈന്‍റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്‍റ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി സെല്‍ രൂപീകരിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*