റിലീസിനു മുമ്പേ വിവാദത്തില്‍ കുരുങ്ങി ‘സര്‍ക്കാര്‍’

ഇളയദളപതി വിജയ് ചിത്രം സര്‍ക്കാര്‍ റിലീസിനു മുമ്പേ വിവാദത്തില്‍. സിനിമയ്ക്കെതിരെ കഥാമോഷണ ആരോപണവുമായി  രം​ഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുണ്‍ രാജേന്ദ്രന്‍. സെങ്കോല്‍ എന്ന തന്‍റെ സിനിമയുമായി ‘സര്‍ക്കാരി’ന് സാമ്യമുണ്ടെന്നാണ് ആരോപണം.

പരാതി അന്വേഷിച്ച സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ ഇരു തിരക്കഥയ‌്ക്കും സാമ്യമുണ്ടെന്ന് കണ്ടെത്തി. സിനിമയുടെ സഹ തിരക്കഥാകൃത്തായി വരുണ്‍ രാജേന്ദ്രനെ അം​ഗീകരിക്കണമെന്ന അസോസിയേഷന്‍ പ്രസി‍ഡന്‍റും സംവിധായകനുമായ ഭാഗ്യരാജിന്‍റെ നിര്‍ദേശം മുരുകദോസ് തള്ളി. കേസ് 30ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

‘സര്‍ക്കാരി’ന്‍റെ തിരക്കഥ വായിക്കാതെയും സിനിമ കാണാതെയും എങ്ങനെ തിരക്കഥ മോഷ്ടിക്കപ്പെട്ടതാണെന്ന് അസോസിയേഷന്‍ കണ്ടെത്തിയെന്ന് മുരുകദോസ് പ്രതികരിച്ചു. പ്രമുഖ തമിഴ്, മലയാളം സാഹിത്യകാരന്‍ ജയമോഹനും മുരുകദോസും ചേര്‍ന്നാണ് ‘സര്‍ക്കാരി’ന്റെ തിരക്കഥ ഒരുക്കിയത്. വിഖ്യാത നടന്‍ ശിവാജി ​ഗണേശന് വോട്ട്ചെയ്യാനുള്ള അവകാശം നിഷേധിച്ച സംഭവത്തില്‍നിന്നാണ് സിനിമയുടെ ഇതിവൃത്തം കണ്ടെത്തിയതെന്ന് ജയമോഹന്‍ ബ്ലോ​ഗിലൂടെ വെളിപ്പെടുത്തി.

ഒന്നരമാസത്തോളം നീണ്ട നിരന്തരമായ ചര്‍ച്ചയിലൂടെയാണ് സിനിമയുടെ കഥ രൂപപ്പെടുത്തിയത്. നായകന് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. ഇതിനോട് അയാള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സിനിമ. ഈ കഥാസഹാചര്യത്തില്‍നിന്നും നാല‌് സമ്പൂര്‍ണ സിനിമാ കഥകള്‍ താനൊരുക്കി. എല്ലാത്തില്‍നിന്നുമുള്ള സാരാംശം ഉള്‍പ്പെടുത്തിയാണ് അന്തിമ സിനിമ ഒരുക്കിയത്.

വാണിജ്യ സിനിമയുടെ സ്ഥിരം ചട്ടക്കൂട്ടിലൂടെ കഥ പറയേണ്ടിവരുമ്പോള്‍ എല്ലായ‌്പ്പോഴും നായകനും വില്ലനും തമ്മിലുള്ള പോരാട്ടമായി അതു മറുമെന്നും ‘സര്‍ക്കാരി’ന്‍റെ തിരക്കഥയെ കുറിച്ച്‌ അത്തരത്തിലുള്ള താരതമ്യമാണ് നടക്കുന്നതെന്നും ജയമോഹന്‍ ബ്ലോ​ഗില്‍ കുറിച്ചു. ചിത്രം കേരളത്തിലും വ്യാപക റിലീസിന് തയ്യാറെടുക്കുകയാണ്. വിജയ്ചിത്രം മെര്‍സല്‍ കേരളത്തില്‍ മുന്നൂറിലേറെ തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ 1700 പ്രദര്‍ശനം എന്ന നിവിന്‍പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റെക്കോഡ് കേരളത്തില്‍ ‘സര്‍ക്കാര്‍’ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

prp

Related posts

Leave a Reply

*