ത്രില്ലടിപ്പിക്കും ക്ലൈമാക്‌സ്‌; വരത്തന്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന്‍ മുന്നേറുന്നു

സമാനതകളില്ലാത്ത കഥാപാത്രങ്ങള്‍ ആയാസരഹിതമായി കൈകാര്യം ചെയ്യുന്ന ഫഹദ് ഫാസില്‍, ഫിലിം മേക്കിങിന് പുത്തന്‍ രൂപം കൊടുക്കുന്ന അമല്‍ നീരദ്, ഈ ഒരു കോമ്പിനേഷന്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് വരത്തന്‍.

മലയാളത്തിന് അധികം പരിചയമില്ലാത്ത സര്‍വൈവല്‍ ത്രില്ലറെന്ന ജോണറില്‍ പെടുത്താവുന്ന സിനിമയാണ് വരത്തന്‍. മുന്‍വിധികളോടെ സമീപിക്കുന്നവരെ ആകാംഷകള്‍ക്കപ്പുറത്ത് ത്രില്ലടിപ്പിക്കും എന്നുപറഞ്ഞാലും അധികമാവില്ല.  നഗരജീവിതം മാത്രം പരിചയമുള്ള സാധുവായൊരു വരത്തന് ഗ്രാമപ്രദേശത്ത് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും അയാളത് അതിജീവിക്കുന്ന ത്രില്ലിങ്ങായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ദുബായില്‍ ജോലി ചെയ്യുന്ന മിടുക്കനായ ഐടി പ്രൊഫഷണലായ എബിയും ഭാര്യ പ്രിയയും ചില പ്രശ്‌നങ്ങള്‍ കാരണം നാട്ടിലെ ഗ്രാമത്തിലുള്ള ജീവിതം ലക്ഷ്യംവച്ച്‌ കേരളത്തിലേക്ക് വരുന്നു. പ്രിയയുടെ കുട്ടിക്കാലം ചെലവഴിച്ച വാഗമണ്ണിലെ വീട്ടിലേക്കാണ് എത്തുന്നത്. പപ്പയുടെ കാലത്ത് ഹൈറേഞ്ചില്‍ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും ആ വീട്ടിലുണ്ട്. അതെന്താണെന്നത് ആസ്വാദനത്തെ ബാധിക്കുന്നതിനാല്‍ കടക്കുന്നില്ല. ഓരോ ദിവസവും ജോലിയും, ഭാവിയും ആലോചിച്ച്‌ അരക്ഷിതത്വം ഫീല്‍ ചെയ്യുന്ന എബിക്ക് അവിടെയും സന്തോഷം കണ്ടെത്താനാകുന്നില്ല.

കപട സദാചാരവാദികളും, മാന്യതയില്ലാത്തതുമായ ചില നാട്ടുകാര്‍ പ്രിയയുടെ ഭൂതകാലം പറഞ്ഞ് വിദ്വേഷത്തിന് ശ്രമിക്കുന്നതാണ് അവിടെ അയാളെ അസ്വസ്ഥനാക്കുന്നത്. സാധുവായ എബിക്ക് അവിടെയെത്തുന്ന നിമിഷം മുതല്‍ അവസാനം വരെ സംഭവിക്കുന്ന മാറ്റം പ്രേക്ഷകന് കൃത്യമായി അനുഭവിക്കാന്‍ കഴിയും. ഒരു സര്‍വൈവല്‍ ത്രില്ലര്‍ എന്നുതന്നെ പറയാം.

പ്രൊഫഷണല്‍ രീതിയില്‍ മാന്യമായി മാത്രം ആളുകളെ കൈകാര്യം ചെയ്യുന്ന എബിക്ക് മനസ്സിലാക്കാനും പരിഹരിക്കാനും കഴിയാത്തത്ര കുടിലതയുള്ളവരാണ് മറുപക്ഷത്ത്. വയലന്‍സ് ആഗ്രഹിക്കാത്ത മനുഷ്യനെ അത് ചെയ്യാന്‍ നിര്‍ബന്ധിതനാക്കുന്ന സാഹചര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം അതിജീവിക്കുന്നു അയാള്‍.

കപടസദാചാര ഗുണ്ടകളുടെ പെരുമാറ്റം പ്രേക്ഷകനെതന്നെ പ്രതികാരദാഹിയാക്കി മാറ്റുന്നു എന്നതാണ് ക്ലൈമാക്‌സ് കൂടുതല്‍ ത്രില്ലിങ് ആക്കുന്നത്. ശക്തമായ കഥാപാത്രവുമായി മായാനദിക്ക് ശേഷം ഐശ്വര്യ ലക്ഷ്‌മി‌യും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. കഥയുടെ ഒഴുക്കില്‍ നായകനെപ്പോലെ പ്രാധാന്യം അവര്‍ക്കുമുണ്ട്. കഥാപാത്രത്തിന്‍റെ സ്വഭാവമാറ്റത്തില്‍ ഫഹദ് പുറത്തെടുക്കുന്നത് സൂക്ഷ്‌മ‌മായ അഭിനയമാണ്.

പതിവ് മേക്കിങ് രീതിയില്‍ നിന്ന് വിട്ട് കഥ ആവശ്യപ്പെടുന്ന വേഗവും അച്ചടക്കവുമായി അമല്‍ നീരദ് ഗംഭീരമായി സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്. നവാഗതരായ സുഹാസിന്‍റെയും ഷറഫുവിന്‍റെയും തിരക്കഥ തുടര്‍ന്നും മലയാള സിനിമക്ക് പ്രതീക്ഷയാണ്. ഫില്‍ ചെയ്യാനുപയോഗിക്കുന്നതെന്ന് തോന്നിക്കുന്ന പല ഷോട്ടുകളും, സന്ദര്‍ഭങ്ങളും കഥയുടെ അവസാനത്തിലേക്കെത്തുമ്പോഴേ പ്രാധാന്യം മനസ്സിലാകൂ. അത്രത്തോളം സൂക്ഷ്‌മമായി തിരക്കഥ കൈകാര്യം ചെയ്‌തിട്ടുണ്ട്.

ലിറ്റില്‍ സ്വയംപിന്റെ ക്യാമറയും സുഷിന്‍ ശ്യാമിന്‍റെ സംഗീതവും കൂടി ചേരുമ്പോള്‍ അമേസിങ് ത്രല്ലറായി ചിത്രം മാറും. വാഗമത്തിലെ പ്രകൃതി സൗന്ദര്യവും മികച്ച ആര്‍ട്ട് വര്‍ക്കും കഥയില്‍നിന്ന് പ്രേക്ഷകന്‍റെ ശ്രദ്ധ പോകാതെതന്നെ ഒപ്പിയെടുത്തിട്ടുണ്ട് ലിറ്റില്‍ സ്വയംപ്. രാജ്യത്ത് സംഭവിക്കുന്ന രാഷ്‌ട്രീയമാറ്റങ്ങളും. അത് ജനങ്ങളിലേക്കെത്തിക്കുന്ന ചില മാധ്യമങ്ങളുടെ ശൈലിയുമെല്ലൊം മൈനൂട്ടായുള്ള ഷോട്ടുകളില്‍ കാണാം. ടൈറ്റില്‍ മുതല്‍ മനോഹരമായ എഡിറ്റിങ്ങിലൂടെ വിവേക് ഹര്‍ഷനും അടിപൊളിയാക്കി.

പുതിയൊരനുഭവം തീയറ്ററില്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് ഗ്യാരണ്ടിയോടെ വരത്തന് കയറാം. അപ്രതീക്ഷിതമായത് പലതും പ്രതീക്ഷിച്ചുകൊണ്ട് രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ത്രില്ലടിക്കാം.

prp

Related posts

Leave a Reply

*