അയ്യപ്പ ഭക്തന് നേരെയുണ്ടായ പോലീസ് അതിക്രമം; ഫോട്ടോഷൂട്ടിലെ നായകനെ പോലീസ് പൊക്കി

ആലപ്പു‍ഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാ‍ഴ്മ ചെമ്പകപ്പളളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്.

രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പവിഗ്രഹവും തലയില്‍ ഇരുമുടുക്കെട്ടുമായി നിലത്തിരിക്കുന്ന ഇയാളുടെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി നില്‍ക്കുന്നതും ലാത്തി കൊണ്ട് മര്‍ദിക്കാന്‍ ശ്രമിക്കുന്നതുമാണ് ഒന്നാമത്തെ ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ ഇയാളുടെ കഴുത്തില്‍ ഒരു അരിവാള്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ്. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഇത്തരത്തിലാണ് അയ്യപ്പ ഭക്തരെ കൈകാര്യം ചെയ്യുന്നത് എന്ന പേരില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഫോട്ടോഷൂട്ടാണ് എന്ന് വ്യക്തമാക്കുന്ന വാട്ടര്‍മാര്‍ക്ക് അടക്കം ഉണ്ടായിട്ടും ഇത് യഥാര്‍ത്ഥ ചിത്രമാണ് എന്ന തരത്തിലാണ് പങ്കുവെയ്ക്കപ്പെട്ടത്.

രാജേഷിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പിന്നീട് കളളമാണെന്ന് തെളിഞ്ഞതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. സംഭ‍വം വിവാദമായതോടെ ഫെയ്സ്ബുക്കില്‍ നിന്നും ചിത്രങ്ങള്‍ അപ്രത്യക്ഷമായിരുന്നു. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത് ബാബുവാണ് ചിത്രങ്ങള്‍ സഹിതം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മിഥുന്‍ കൃഷ്ണ എന്ന സുഹൃത്തിന്‍റെ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന് രാജേഷ് കുറുപ്പ് തന്നെ സമ്മതിക്കുന്നു.  ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ ചിത്രമെടുത്ത് പോസ്റ്റ് ചെയ്തതാണെന്നും വിവാദമായപ്പോള്‍ പിന്‍വലിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു.

prp

Related posts

Leave a Reply

*