‘കുമ്മനത്തെ കേരളത്തില്‍ വേണം’; മടക്കികൊണ്ടുവരാന്‍ നീക്കം ശക്തമാക്കി ആര്‍എസ്എസ്

കൊച്ചി: ശബരിമല സമരം ചൂടുപിടിപ്പിക്കാന്‍ കുമ്മനത്തെ തിരികെ വിളിക്കണമെന്ന് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി.

മിസോറാം തെരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് കുമ്മനത്തിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല.

ഗവര്‍ണര്‍ ആയിരുന്ന ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന കീഴ്‌വഴക്കം ഉണ്ടായിട്ടില്ല. ഈ കാരണത്താലാണ് കേന്ദ്രനേതൃത്വം ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യത്തോട് പ്രതികരിക്കാതിരിക്കുന്നത്. ശബരിമല പ്രക്ഷോഭം പല വഴിക്കായി. മറ്റ് ജാതി സംഘടനകള്‍ക്ക് കൂടി സ്വീകാര്യനായ നേതൃത്വമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കുമ്മനത്തിനെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പരാജയമാണെന്നാണ് ആര്‍.എസ്.എസിന്‍റെ വിലയിരുത്തല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം നേട്ടം കൊയ്യാമായിരുന്ന വിഷയം മുന്‍ ബി.ജെ.പി അധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ഏല്‍പ്പിക്കണമെന്നുമാണ് ആര്‍.എസ്.എസിന്‍റെ  ആവശ്യം. കുമ്മനത്തിന് എന്‍.ഡി.എ ചെയര്‍മാന്‍ സ്ഥാനമോ കേന്ദ്രപദവികളോ നല്‍കി കേരളത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരാനുള്ള സാധ്യതകള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നുമില്ല. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ശക്തമായ സമ്മര്‍ദമാണ് ആര്‍.എസ്.എസ് ചുമത്തുന്നതെന്നും വിവരമുണ്ട്.

ആര്‍.എസ്.എസ് എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് കുമ്മനത്തെ കഴിഞ്ഞ മേയില്‍ മിസോറാം ഗവര്‍ണറായി നിയമിച്ചത്. മിസോറാം തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നായിരുന്നു ആര്‍.എസ്.എസ് ആവശ്യമുന്നയിച്ചിരുന്നത്. ഇത് പരിഗണിക്കാമെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ശബരിമല പ്രക്ഷോഭം ഉണ്ടാവുകയും അത് വേണ്ട രീതിയില്‍ സംസ്ഥാന നേതൃത്വത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ആവശ്യം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 11 ന് മിസോറാം നിയമസഭാ ഫലം പുറത്തുവരും. അതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണമുണ്ടാകും. അതിന് ശേഷം ഈ മാസം അവസാനത്തോടുകൂടി കുമ്മനത്തിനെ തിരികെ എത്തിക്കണമെന്നാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആറന്മുള സമരവും ശബരിമലയില്‍ തന്നെ നേരത്തെയുണ്ടായ ചില പ്രശ്‌നങ്ങളിലും കുമ്മനം നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം അനുകൂലമാകാന്‍ കുമ്മനത്തിന്‍റെ സാന്നിധ്യം കേരളത്തില്‍ അനിവാര്യമാണെന്നാണ് ആര്‍.എസ്.എസ് നിലപാട്. നിലവില്‍ പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും അധികാര പിടിവലികളും കുമ്മനത്തിന്റെ വരവോടെ ഇല്ലാതാകുമെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുമുണ്ട്.

അതിനാല്‍ തന്നെ ഈ മാസത്തിന്‍റെ പകുതിയിലോ അടുത്ത മാസമോ കുമ്മനത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി, ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.  ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മിസോറാം ഗവര്‍ണറായി നിയമനം ഏറ്റെടുക്കുമ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ തുടരാനുള്ള താത്പര്യം കുമ്മനം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി അണികളിലും കുമ്മനത്തെ മാറ്റിയതില്‍ മുറുമുറുപ്പ് നിലനിന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ കുമ്മനത്തിന്‍റെ വരവ് പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ അവസാനിപ്പിച്ച്‌ പുതിയ ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ നിലവിലെ അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ മാറ്റാതെ കുമ്മനത്തിന് എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനമോ കേന്ദ്രപദവികളോ നല്‍കാനാണ് ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ള ഒരു സീറ്റില്‍ നിന്നും കുമ്മനത്തെ മത്സരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്.

prp

Related posts

Leave a Reply

*