അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനം: ഒളിവിലായിരുന്ന വനിത മന്ത്രി കീഴടങ്ങി

ബിഹാര്‍: നിതിഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വര്‍മ കീഴടങ്ങി. പെണ്‍കുട്ടികളുടെ അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനം നടന്ന സംഭവത്തില്‍ കേസ് നേരിടുന്ന മന്ത്രി ഒളിവിലായിരുന്നു. ബേഗുസാരായിലെ കോടതിയിലാണ് കീഴടങ്ങിയത്.

അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലേക്ക് ഏതാനും സഹായികള്‍ക്കൊപ്പം ഓട്ടോയിലാണ് ഇവരെത്തിയത്. കോടതി പരിസരത്തേക്കു കടന്നതും ഇവര്‍ക്ക് ബോധക്ഷയം സംഭവിച്ചു. തുടര്‍ന്നു പ്രഥമ ശുശ്രൂഷ നല്‍കി കോടതിമുറിയിലേക്കു കൊണ്ടു പോയി. മഞ്ജു വര്‍മയെ പിടികൂടാനാകാത്തതിന്‍റെ പേരില്‍ ബിഹാര്‍ സര്‍ക്കാരിനെയും പോലീസിനെയും സുപ്രീംകോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

നവംബര്‍ 27 നു മുമ്പ് പിടികൂടിയില്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവി ഹാജരായി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മഞ്ജുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ജാമ്യമില്ലാ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണു സര്‍ക്കാരിന് ആശ്വാസം പകര്‍ന്നു  മഞ്ജു വര്‍മ കീഴടങ്ങിയത്.

സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായിരുന്ന മഞ്ജു ഇക്കഴിഞ്ഞ ഓഗസ്റ്റിലാണു സ്ഥാനം രാജിവച്ചത്. മുസാഫുര്‍പുരില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനത്തിനു നേതൃത്വം നല്‍കിയിരുന്ന ബ്രജേഷ് താക്കൂറിന്‍റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുവിന്‍റെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ. ഇയാള്‍ കീഴടങ്ങിയിരുന്നു.

ഏകദേശം 30 പെണ്‍കുട്ടികളെങ്കിലും അഭയകേന്ദ്രത്തില്‍ ക്രൂര ലൈംഗിക പീഡനത്തിനിരയായെന്നാണു റിപ്പോര്‍ട്ട്. തുടര്‍ന്നു മന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്തിയ സിബിഐ വെടിയുണ്ടകളുടെ ശേഖരവും കണ്ടെത്തി. ഇതിനു പിന്നാലെയാണ് ആംസ് ആക്ട് പ്രകാരം മന്ത്രിക്കെതിരെ കേസെടുത്തത്.

prp

Related posts

Leave a Reply

*