കമല്‍ഹാസന്‍ സിനിമാ ജീവിതത്തോട് വിടപറയുന്നു; ഇന്ത്യന്‍ ടു അവസാനത്തെ ചിത്രമെന്നും താരം

ഉലകനായകന്‍ കമല്‍ഹാസന്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സിനിമാ ജീവിതത്തോട് വിടപറയുന്നു. സിനിമയില്‍ നിന്നു മാറി രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് കമല്‍ഹാസന്‍റെ തീരുമാനം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 തന്‍റെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് കമല്‍ പറഞ്ഞു.

കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്‍റി  20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു കമല്‍ഹാസന്‍. മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്‍റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കമലിന്‍റെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്‍റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച കമല്‍ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു.

ബിജെപിയെ വിമര്‍ശിച്ച് കമല്‍ഹസാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 2019ല്‍ ഇന്ത്യ ഭരിക്കേണ്ടത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന സര്‍ക്കാര്‍ ആയിരിക്കണമെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവരാണ് എന്നും കമല്‍ഹാസന്‍ പറഞ്ഞു. തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. അഭിനയജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ പറഞ്ഞു

ഈ മാസം 14ന് ഇന്ത്യന്‍ 2 വിന്‍റെ ചിത്രീകരണം ആരംഭിക്കും. 1996ല്‍ ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാവുന്നത്.

prp

Related posts

Leave a Reply

*