കുഞ്ഞിന് പേരിട്ടത് ബാലറ്റ് പെട്ടി ഉപയോഗിച്ചുള്ള വോട്ടെടുപ്പിലൂടെ

നാഗ്പൂര്‍: ജനിക്കുന്ന പൊന്നോമനയ്ക്ക് ഇടുന്ന പേര് വ്യത്യസ്തമായിരിക്കണമെന്ന് ന്യൂജെന്‍ ദമ്പതിമാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഈ പേരിടീല്‍ മിക്കപ്പോഴും അച്ഛന്‍റെയും അമ്മയുടേയും ഇഷ്ടത്തിന് അനുസരിച്ചുമായിരിക്കും. എന്നാല്‍ കുഞ്ഞിന് ഏത് പേര് വേണമെന്ന് ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിയ കഥയാണ് മഹാരാഷ്ട്ര സ്വദേശികളായ മിഥുനും മാന്‍സി ബാംഗിനും പറയാനുള്ളത്.

ഏപ്രില്‍ 15നാണ് മിഥുന്‍ – മാന്‍സി ദമ്പതികള്‍ക്ക് സുന്ദരനായ ആണ്‍കുഞ്ഞ് പിറന്നത്. പക്ഷേ,​ ഏത് പേര് വേണമെന്നത് ഇവരെ ആശയക്കുഴപ്പത്തിലാക്കി. കൂട്ടുകുടുംബ വ്യവസ്ഥിതി ആയതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ മൂന്ന് പേരുകളാണ് കുഞ്ഞിന് നിര്‍ദ്ദേശിച്ചത്. യക്ഷ്,​ യുവാന്‍,​ യൗവിക് എന്നിവയായിരുന്നു പേരുകള്‍. ഇതില്‍ നിന്നൊരെണ്ണം തിരഞ്ഞെടുക്കേണ്ട സ്ഥിതി വന്നു. അപ്പോഴാണ് കുടുംബ വോട്ടെടുപ്പ് നടത്തിയാലോയെന്ന ആശയം മിഥുനിന്‍റെ  മനസില്‍ വിരിഞ്ഞത്. ആശയം അവതരിപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കും സമ്മതം. വെറുതെ നറുക്കെടുപ്പ് വേണ്ട,​ വോട്ടെടുപ്പ് തന്നെ ആയിക്കോട്ടെയെന്ന് മിഥുന്‍ തീരുമാനിച്ചു.

ഏപ്രില്‍ 15നാണ് വോട്ടെടുപ്പ് നടന്നത്. കുഞ്ഞിന് പേര് കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് എന്ന പേരിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ലോഗോയ്ക്ക് സമാനമായ ലോഗോയും തയ്യാറായി. വോട്ട് രേഖപ്പെടുത്തുന്നതിനായി ബാലറ്റ് പെട്ടിയും തയ്യാറാക്കി. കുടുംബാംഗങ്ങളെ കൂടാതെ ഗോണ്ടിയയിലെ മുന്‍ എം.പി നാന പട്ടോള്‍,​ ബി.ജെ.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും വോട്ടെടുപ്പിന് നിരീക്ഷകരായി എത്തി.

കുടുംബത്തിലെ 196 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. എല്ലാവരും വോട്ട് രേഖപ്പെടുത്തി. പിന്നെ വോട്ടെണ്ണലിന്‍റെ ഘട്ടമെത്തി. വോട്ടെണ്ണിയപ്പോള്‍ 92 വോട്ട് കിട്ടിയ യുവാന്‍ എന്ന പേരിനായിരുന്നു മുന്‍തൂക്കം. പിന്നാലെ ലളിതമായ ചടങ്ങില്‍ പേരിടീലും നടന്നു. വസ്ത്രവ്യാപാരം നടത്തുന്ന മിഥുന്‍ – മാന്‍സി ദമ്പതിമാര്‍ക്ക്  അഞ്ച് വയസുള്ള മകള്‍ കൂടിയുണ്ട്. ഭൂമി എന്നാണ് മകളുടെ പേര്.

prp

Related posts

Leave a Reply

*