സംസ്ഥാനത്ത് വീണ്ടും കോംഗോ പനി; രോഗം കണ്ടെത്തിയത് യുഎഇയില്‍ നിന്നെത്തിയ പ്രവാസി യുവാവില്‍

തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോ പനി ബാധിച്ച്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

യുഎഇയില്‍ നിന്ന് മലപ്പുറത്ത് എത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശരീരസ്രവങ്ങള്‍ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011ല്‍ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോംഗോ പനി ബാധിച്ച മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ശക്തമായ പനി, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, നടുവേദന, മസിലുകള്‍ക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങള്‍.

Related posts

Leave a Reply

*