ഇനി ‘കടക്കൂ പുറത്ത്’ ഇല്ല; മാധ്യമങ്ങളോടുള്ള സമീപനം മാറ്റാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: കടക്ക് പുറത്ത് പറഞ്ഞ് മാധ്യമങ്ങളെ ഓടിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റം വരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനത്തില്‍ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് വ്യക്തമായ അകലം പാലിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിലാണ് അദ്ദേഹമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

വിവാദങ്ങള്‍ ഉയരുന്ന ഘട്ടങ്ങളിലെങ്കിലും നേരിട്ട് മാധ്യമങ്ങളെ കാണാനാണ് തീരുമാനം. അതത് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. കൃത്യമായ വിശദീകരണവും ഉടന്‍ നടപടിയുമുണ്ടാകും. സിപിഎം നേതൃത്വവുമായി സംസാരിച്ച്‌ അടുത്തമാസമായിരിക്കും പുതിയ രീതി സ്വീകരിക്കുക. വിവാദങ്ങളെ പ്രതിപക്ഷം രാഷ്ട്രീയനേട്ടമുണ്ടാക്കാ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നടപടി.

വിവാദങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരു കുഴപ്പവുമില്ലെന്ന് വിശദീകരിച്ച്‌ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. മാത്രമല്ല കൃത്യമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്നും ആരോപണമുണ്ട്. എല്ലാ കുഴപ്പങ്ങളുടേയും ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ചുമലില്‍ വരുന്ന സാഹചര്യത്തിലാണ് ഇത് അവസാനിപ്പിക്കാന്‍ മാധ്യമങ്ങളോട് അടുക്കാനുള്ള തീരുമാനം.

വിവാദങ്ങളെക്കുറിച്ച്‌ കൃത്യമായ വിവരം നല്‍കാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥരെ കൂട്ടിയാകും മുഖ്യമന്ത്രിയുടെ വിശദീകരണം. പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഡിജിപി, റെഞ്ച് ഐജി, എന്നിവരും ഭരണപരമായ കാര്യങ്ങളില്‍ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുമുണ്ടാകും. പാളിച്ചകളുണ്ടായാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും.

prp

Related posts

Leave a Reply

*