ബിഗ്‌ ബോസില്‍ കൂട്ടയടി; ഷിയാസിനെ മണ്ടനെന്ന് വിളിച്ച് രഞ്ജിനിയും അനൂപും

പുറത്താക്കപ്പെട്ട ഹിമ വീണ്ടും ബിഗ്‌ബോസ് ഹൗസിലെത്തി. ഹിമയെ സ്വാഗതം ചെയ്തു കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നീട് ഷിയാസിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രഞ്ജിനി രംഗത്തെത്തി. ഷിയാസിന്‍റെത് മണ്ടന്‍ തിരുമാനം ആണെന്ന് രഞ്ജിനി പറഞ്ഞു.

ചിക്കന്‍ കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രഞ്ജിനിയുടെ പ്രതികരണത്തിനെതിരെ ഷിയാസ് പൊട്ടിത്തെറിച്ചു. ഷോ ഓഫ് കാണിക്കാതെ സ്‌ട്രെയിറ്റ് ആയിട്ട് കളിക്കണമെന്ന് ഷിയാസ് പൊട്ടിത്തെറിച്ചു. താന്‍ ഭയങ്കര ബുദ്ധിമതിയാണെന്നാണ് രഞ്ജിനിയുടെ വിചാരമെന്നും ഷിയാസ് പറഞ്ഞു. ഇതിനിടെ ഷിയാസിന് അരികിലെത്തിയ രഞ്ജിനി തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അറിയിച്ചു കൊണ്ടു തന്നെ വിശദീകരണം നടത്തി. ഷിയാസിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്നത് തുടരുകയും ചെയ്തു.

രഞ്ജിനിയ്ക്ക് പുച്ഛമാണെന്നും അവര്‍ക്ക് ഇത്ര ക്യാപ്റ്റന്‍സി കൊടുത്താല്‍ മതിയെന്നും ഷിയാസും പറഞ്ഞു. രാത്രി 50 ദിവസം പിന്നിട്ടതിന്റെ സന്തോഷമായി എല്ലാവര്‍ക്കും ബിഗ് ബസാറിന്റെ വക ഗിഫ്റ്റ് വൗച്ചര്‍ നല്‍കി. പിന്നീട് വീണ്ടും ഷിയാസും രഞ്ജിനിയും തമ്മിലുണ്ടായ അടിയെ കുറിച്ച് ചര്‍ച്ച ചെയ്തു. രഞ്ജിനി തന്നെ മണ്ടനെന്ന് വിളിച്ചത് ശരിയായില്ലെന്നും ഇതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും ഷിയാസ് പറഞ്ഞു. അനൂപിനോടായിരുന്നു ഷിയാസ് പറഞ്ഞത്.

പിന്നീട് അനൂപും ഷിയാസും തമ്മിലായി തര്‍ക്കം. രഞ്ജിനി കൊളുത്തിയ തിരിയില്‍ നിന്നുമായിരുന്നു ഷിയാസിലേക്കും അനൂപിലേക്കും അടിയെത്തിയത്. ഷിയാസ് തനിക്ക് അനിയനെ പോലെയായത് കൊണ്ടാണ് പെരുമാറ്റം നന്നാക്കാന്‍ പറഞ്ഞതെന്ന് അനൂപ് പറഞ്ഞപ്പോള്‍ അനൂപിന്റെ സ്‌നേഹം തനിക്ക് വേണ്ടെന്ന് ഷിയാസ് വ്യക്തമാക്കി. അനൂപും ഷിയാസും പരസ്പരം കളിയാക്കുകയും കുറ്റങ്ങള്‍ നിരത്തുകയും ചെയ്തു.

എന്നാല്‍ രാത്രി ഷിയാസിന് അരികിലെത്തിയ അനൂപ് അനുനയത്തില്‍ ഷിയാസിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കാതെ ഷിയാസ് ആയി തന്നെ നില്‍ക്കണമെന്നും എന്നാല്‍ മാത്രമേ അടുത്ത ആഴ്ച വീണ്ടും പഴയ ഷിയാസ് ആവാന്‍ പറ്റുകയുള്ളൂവെന്നും അനൂപ് പറഞ്ഞു.  ശേഷം രഞ്ജിനിയെ അവിടേക്ക് വിളിച്ചു വരുത്തിയ അനൂപ് രഞ്ജിനിയുടെ വാക്കുകള്‍ ശരിയായില്ലെന്ന് പറഞ്ഞു. എന്നാല്‍ താന്‍ ചെയ്തത് തെറ്റല്ലെന്ന് രഞ്ജിനി പറഞ്ഞു. അപ്പോള്‍ ഷിയാസ് താന്‍ ചെയ്തതാണ് തെറ്റെന്നും സോറി പറയുന്നതായും രഞ്ജിനിയോട് പറഞ്ഞു. വിട്ടേക്കാന്‍ പറഞ്ഞ് അനൂപ് ഷിയാസിനെ ആശ്വസിപ്പിച്ചു.

ഇതിന് ശേഷം സുരേഷും പേളിയും തമ്മിലുള്ള സംസാരമാണ് കണ്ടത്. തന്നോട് ശ്രീനിഷ് സോറി പറഞ്ഞെന്നും എന്നാല്‍ അതെന്തിനാണെന്ന് പറഞ്ഞില്ലെന്നും സുരേഷ് പേളിയോട് പറഞ്ഞു. കാരണം തനിക്കും അറിയില്ലെന്നും പേളി പറഞ്ഞു. സുരേഷ് മനസില്‍ എന്തോ വച്ചാണ് സംസാരിക്കുന്നതെന്ന് പേളി പറഞ്ഞു. ഇതിനിടെ ഹിമയും സാബുവും സ്‌മോക്കിങ് ഏരിയയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. പഴയ കാര്യങ്ങളെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. തനിക്ക് തോന്നുന്നത് നേരെ പറയുന്നതാണ് ശീലമെന്ന് ഹിമ പറഞ്ഞു.

രാത്രി ഒന്നരയ്ക്ക് പേളിയും രഞ്ജിനിയും ബിഗ് ബോസിന് അരികില്‍ പരാതിയുമായെത്തി. തന്നോട് എങ്ങനെ പെരുമാറണമെന്നൊക്കെ സുരേഷ് പറയുന്നുണ്ടെന്നും തനിക്ക് മേല്‍ നിയന്ത്രണമിടാന്‍ ശ്രമിക്കുകയാണെന്നും അതേസമയം, സുരേഷ് നല്ല വ്യക്തിയാണെന്നും പേളി പരാതിപ്പെട്ടു.

പിറ്റേ ദിവസം രാവിലേയും ഷിയാസ് ശ്രീനിഷിനോട് രഞ്ജിനിയുമായി ഉണ്ടാക്കിയ അടിയെ കുറിച്ച് സംസാരിച്ചു. രഞ്ജിനിയ്ക്ക് ഈഗോയാണെന്ന് ഷിയാസ് പറഞ്ഞു. ഇതിനിടെ ഷിയാസ് തന്നോട് മാപ്പ് പറയാതെ താന്‍ പണിയെടുക്കില്ലെന്ന് രഞ്ജിനി പറഞ്ഞു. പണിയെടുക്കാതെ ഫുഡ് കൊടുക്കില്ലെന്ന് ഷിയാസും അറിയിച്ചു. മാപ്പ് പറയില്ലെന്ന് ഷിയാസ് ഉറപ്പിച്ച് പറഞ്ഞു. പിന്നീട് ആപ്പിളുമായി ഷിയാസിന് മുന്നിലെത്തിയ രഞ്ജിനി ഷിയാസിനെ കളിയാക്കി. ഫുഡ് എല്ലാവര്‍ക്കും കൊടുക്കുമെന്ന് അനൂപ് അറിയിച്ചു. തന്റെ നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ രഞ്ജിനി ഉറച്ചു നിന്നു. തന്നോട് മാപ്പ് പറയണമെന്നായിരുന്നു രഞ്ജിനിയുടെ ആവശ്യം.

ഇതിനിടെ വീണ്ടും പേളിയെ ഉപദേശിച്ച് കൊണ്ട് സുരേഷ് എത്തി. പേളിയ്ക്ക് നല്ലത് വരണമെന്ന് കരുതിയാണ് ഓരോ കാര്യങ്ങള്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരേഷിന്‍റെ ചിന്തകളാണ് കുഴപ്പമെന്നും പഴയതു പോലെ ആകണമെന്നും പേളി പറഞ്ഞു. ഇതിനിടെ പുറത്ത് വച്ച് ഷിയാസുമായി സാബുവും ബഷീറും കോര്‍ക്കുകയുണ്ടായി. ഷിയാസ് ക്യാപ്റ്റനായതിന്റെ അഹങ്കാരം കാണിക്കുകയാണെന്നാണ് സാബു പറഞ്ഞത്. ബഷീറും ഷിയാസിനെതിരെ ചൂടായി.

തന്‍റെ കൈയ്യില്‍ ഷിയാസിന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ കപ്പുണ്ടെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയില്ലെന്നും സാബു പറഞ്ഞു. ബഷീറിന് ക്യാപ്റ്റനാകാത്തതിലുള്ള ചൊറുക്കാണെന്ന് ഷിയാസ് പറഞ്ഞു. മറ്റുള്ളവരുടെ മേത്ത് കേറാനുളള അവകാശമല്ല ക്യാപ്റ്റന്‍സിയെന്ന് ബഷീര്‍ തിരിച്ചടിച്ചു. ഇതിനിടെ ഷിയാസിന്‍റെ ഡംബലുകള്‍ സാബു എടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

പിന്നീട് ശ്രീനിഷിനടുത്തെത്തിയ ഷിയാസ് ബഷീറിനോടും സാബുവിനോടും രഞ്ജിനിയോടുമുള്ള തന്റെ ദേഷ്യം വ്യക്തമാക്കി. ആരു പറയുന്നതും താന്‍ കാര്യമാക്കില്ലെന്ന് ഷിയാസ് വ്യക്തമാക്കി. താന്‍ പുറത്ത് പോകാന്‍ തയ്യാറാണെന്നും ഷിയാസ് പറഞ്ഞു. തന്നെ പൊട്ടനാക്കുകയാണെന്നും ഷിയാസ് പറഞ്ഞു. ക്യാപ്റ്റനായതോടെ എല്ലാവരുടേയും സ്വഭാവം മാറിയെന്നും ഷിയാസ് പറഞ്ഞു. ഇതിനിടെ സാബുവും ഹിമയും വീണ്ടും സ്‌മോക്കിങ് ഏരിയിലെത്തി.

ഇരുവരും പരസ്പരമുള്ള പ്രശ്‌നങ്ങളൊക്കെ പറഞ്ഞ് തീര്‍ക്കുകയായിരുന്നു. വീട്ടില്‍ തനിക്ക് ഇമോഷണലീ കണക്ഷനുള്ളത് സാബുവിനോടാണെന്ന് ഹിമ പറഞ്ഞു. പിന്നീട് സുരേഷും ഷിയാസും അതിഥിയും ഹിമയെ കുറിച്ച് സംസാരിച്ചു. എന്തിനാണ് ഹിമ തിരികെ വന്നതെന്നും വെറുതെ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഹിമ വന്നതെന്നും സുരേഷ് പറഞ്ഞു. സുരേഷിന് അരികിലേക്ക് ഹിമ എത്തിയതും സുരേഷ് ദേഷ്യപ്പെട്ടു. അപ്പോഴേക്കും അവിടെയെത്തിയ സാബു ഹിമയെ അവിടെ നിന്നും പറഞ്ഞയച്ചു.

ഇതിനിടെ തനിക്ക് സാബുവിനോട് എന്തോ ഒരു അടുപ്പം തോന്നുന്നുണ്ടെന്നും അത് സാബുവിനോട് പറഞ്ഞെന്നും ഹിമ അതിഥിയോടും പറഞ്ഞു. ചിരിച്ചു കൊണ്ടായിരുന്നു അതിഥി പ്രതികരിച്ചത്. രാത്രി മീറ്റിങ് വിളിച്ചപ്പോള്‍ താനും ഷിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായില്ലെന്ന് രഞ്ജിനി പറഞ്ഞു. ക്യാപ്റ്റന്‍ വളരെ റൂഡായിട്ടാണ് പെരുമാറുന്നുവെന്നും രഞ്ജിനി പറഞ്ഞു. മാപ്പ് പറയാതെ മുന്നോട്ട് പോകാനാകില്ലെന്നും അവര്‍ പറഞ്ഞു. താന്‍ മാപ്പ് പറയില്ലെന്ന് ഷിയാസ് വ്യക്തമാക്കിയതോടെ രഞ്ജിനിയും സാബുവും എഴുന്നേറ്റ് പോയി.

രാത്രി പുറത്ത് വച്ച് അനൂപ് ഷിയാസിന് അരികിലെത്തി, നീ ഇവിടുത്തെ കാര്യസ്ഥനാണെന്നും അല്ലാതെ മുഖ്യമന്ത്രിയല്ലെന്നും പറഞ്ഞു. ഷിയാസ് വീണ്ടും തന്റെ അധികാര ഭാവം കാണിച്ചതും അകത്തു നിന്നും സാബുവും ബഷീറും പുറത്തേക്ക് വന്നു. രഞ്ജിനിയെ തന്‍റെ വീട്ടിലെ ജോലിക്കാരിയാണെന്ന് പറഞ്ഞതാണ് മറ്റുള്ളവരെ പ്രകോപിപ്പിച്ചത്.

പാണ്ടി ലോറിയുടെ താഴെ നില്‍ക്കുന്ന തവളയെ പോലെ പെരുമാറരുതെന്ന് അനൂപ് പറഞ്ഞത് ഷിയാസിന് ഇഷ്ടമായില്ല. ഷിയാസ് മണ്ടനാണെന്ന് അനൂപ് ആവര്‍ത്തിച്ചു. അനൂപിനോട് ഷിയാസ് സോറി പറയണമെന്ന് അതിഥിയും ആവശ്യപ്പെട്ടു. എല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞ് ഷിയാസ് അവിടെ നിന്നും എഴുന്നേറ്റ് പോയി. പിന്നീട് രാത്രിയോടെ സാബുവും ശ്രീനിഷും ഷിയാസിനെ മാറ്റി നിര്‍ത്തി സംസാരിച്ചു.

അനൂപും ഒപ്പമുണ്ടായിരുന്നു. ദേഷ്യപ്പെടരുതെന്നും ചേട്ടനെ പോലെയാണ് സംസാരിക്കുന്നതെന്നും അനൂപ് പറഞ്ഞു. പുറത്ത് പോകണമെന്ന് പറയരുതെന്നും സാബുവും പറഞ്ഞു. ഇതോടെ എനിക്കാരുടേയും സിംപതി വേണ്ടെന്ന് പറഞ്ഞ് ഷിയാസ് കരഞ്ഞു. ഷിയാസിനെ അനൂപ് കെട്ടിപ്പിടിച്ചു. സാബും ബഷീറും അവനെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി ആശ്വസിപ്പിച്ചു.

മറ്റുള്ളവര്‍ക്ക് വേണ്ടി തന്നെ ബഷീറും സാബുവും അനൂപുമെല്ലാം ഒറ്റപ്പെടുത്തുകയാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. അപ്പോഴേക്കും രഞ്ജിനി അവിടേക്ക് എത്തി. എല്ലാം മറന്നേക്കു എന്ന് പറഞ്ഞ് രഞ്ജിനിയും ഷിയാസിനെ കെട്ടിപ്പിടിച്ചു. ഗെയിമിന്റെ ഭാഗമായാണ് താന്‍ പ്രതികരിച്ചതെന്നും പേഴ്‌സണലി എടുക്കരുതെന്നും എല്ലാം മറക്കണമെന്നും രഞ്ജിനി പറഞ്ഞു. പൊട്ടിക്കരഞ്ഞു കൊണ്ട് എനിക്ക് വീട്ടില്‍ പോകണമെന്ന് ഷിയാസ് പറഞ്ഞു.

പിന്നീട് നോമിനേഷന്‍ പ്രക്രിയ ആരംഭിച്ചു. ഹിമയേയും ഷിയാസിനേയും നോമിനേറ്റ് ചെയ്യാന്‍ പറ്റില്ല. ആദ്യമെത്തിയത് ശ്രീനിഷാണ്. ശ്രീനി രഞ്ജിനിയേയാണ് ആദ്യം നോമിനേറ്റ് ചെയ്തത്. രഞ്ജിനി ആളുകള്‍ക്കിടയില്‍ വഴക്കുണ്ടാക്കിക്കുന്നുവെന്നാണ് ശ്രീനി പറഞ്ഞത്. രണ്ടാമതായി നോമിനേറ്റ് ചെയ്തത് അനൂപിനേയാണ്. അതിഥി ശ്രീനിഷിനേയും പേളിയേയും നോമിനേറ്റ് ചെയ്തു. സാബു സുരേഷിനെയും പേളിയേയും നോമിനേറ്റ് ചെയ്തു. പേളിയേയും ശ്രീനിയേയുമായിരുന്നു അനൂപ് നോമിനേറ്റ് ചെയ്തത്.

രഞ്ജിനി നോമിനേറ്റ് ചെയ്തത് പേളിയേയും സുരേഷിനേയുമായിരുന്നു. സുരേഷിന് ഗെയിം കളിക്കാനാകില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞ കാരണം. സാബുവിനേയും രഞ്ജിനിയേയും പേളിയും നോമിനേറ്റ് ചെയ്തു. അര്‍ച്ചനയുടെ വോട്ടും സുരേഷിനും ശ്രീനിഷിനും എതിരായിരുന്നു. ബഷീറിനേയും രഞ്ജിനിയേയും സുരേഷ് നോമിനേറ്റ് ചെയ്തു. ബഷീര്‍ രഞ്ജിനിയുടെ പേരും അര്‍ച്ചനയുടെ പേരും പറഞ്ഞു. തിരികെ വന്ന ഹിമയുടെ വോട്ട് ശ്രീനിഷിനും സുരേഷിനുമെതിരായിരുന്നു.

നാല് വോട്ടുകളുമായി ശ്രീനിഷും രഞ്ജിനിയും പേളിയും അരിസ്റ്റോ സുരേഷുമാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍റെ അധികാരം ഉപയോഗിച്ച് ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള അവസരം ഷിയാസിന് ലഭിച്ചു. അര്‍ച്ചനെയാണ് ഷിയാസ് നോമിനേറ്റ് ചെയ്തത്.

prp

Related posts

Leave a Reply

*