‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്‌റ്റിനോട് പുച്ഛം മാത്രം’; എബിവിപി വനിതാ നേതാവ് എഴുതുന്നു

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍ താന്‍ ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് ഫേസ്‌ബുക്കിലൂടെ വിശദീകരണം നല്‍കിയത്.

‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം. ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയം ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാടകം കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തില്‍ നിന്നുള്ള കയ്യിട്ടു വാരല്‍ അധികകാലം മുന്നോട്ടു പോകില്ല’ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കൈരളി ഓണ്‍ലൈന്‍ മീഡിയയ്ക്ക് ഞാന്‍ നല്‍കിയ ഇന്‍റര്‍വ്യൂ നെ കുറിച്ച്‌ എനിക്കു പറയാന്‍ ഉള്ളത്…

എന്‍റെ അഭിപ്രായങ്ങള്‍ പലപ്പോഴും ഫെയ്സ്ബുക്കിലും അതുപോലെ തന്നെ എനിക്ക് ലഭിക്കുന്ന വേദികളിലും പറയാറുണ്ട്. അങ്ങനെ കൈരളി ഓണ്‍ലൈന്‍ വിളിച്ചു എന്നോട് ശബരിമല വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ എന്‍റെ അഭിപ്രായം പറയുകയുണ്ടായത്.

ഒരു പ്രൊഫഷണല്‍ രാഷ്ട്രീയക്കാരി അല്ലാത്തത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളില്‍ എത്രത്തോളം ദ്വയാര്‍ദ്ധം ഉണ്ടെന്നോ അല്ലെങ്കില്‍ ആ ചോദ്യം എങ്ങനെ വളച്ചൊടിക്കുമെന്നോ, ആ ചോദ്യത്തിന് തുറന്നു ഉത്തരം പറഞ്ഞാല്‍ അതുകൊണ്ട് എന്ത്  ഇംപാക്ട് ഉണ്ടാകുമെന്നോ ഞാന്‍ ചിന്തിച്ചില്ല.

ഞാന്‍ ഒരു എബിവിപി പ്രവര്‍ത്തകയാണ്. സംഘ പരിവാറിന്‍റെ പല സംഘടനകളായും അതിലെ പ്രവര്‍ത്തകരുമായും ആത്മബന്ധം ഉള്ള വ്യക്തി ആണ്. ഞാന്‍ എന്‍റെ അഭിപ്രായം ഫേസ്ബുക്കില്‍ മാത്രമല്ല  ആര്‍എസ്എസിന്‍റെ വാരികയായ കേസരിയില്‍ പറഞ്ഞിട്ടും അവര്‍ പബ്ലിഷ് ചെയ്തിട്ടുമുണ്ട്, സംഘടനകള്‍ ഒരു അഭിപ്രായ സമന്വയത്തില്‍ എത്തുന്നതിന് മുന്‍പ്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്കു എന്‍റെ അഭിപ്രായം പറയാന്‍ ഉള്ള അവകാശം ഉണ്ട്. എന്‍റെ അഭിപ്രായത്തെ അനുകൂലിക്കുവാനും, എതിര്‍ക്കുവാനുമുളള അവകാശവും ഏവര്‍ക്കുമുണ്ട്.

എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൈരളിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ചതില്‍ വിഷമം ഉണ്ട്. ശബരിമല വിഷയത്തില്‍ എബിവിപിയും അനുബന്ധ സംഘടനകളും അഭിപ്രായം പറയുന്നതിന് മുന്‍പ് പല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഞാനും എന്‍റെ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ സംഘടന അഭിപ്രായം പറഞ്ഞതിന് ശേഷവും ചില ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങള്‍ എന്‍റെ പോസ്റ്റുകള്‍ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭവും, എനിക്ക് ദ്രോഹവും ചെയ്യുകയുണ്ടായി.

എനിക്ക് ആര്‍എസ്എസിന്‍റെ  ഏതെങ്കിലും നേതാക്കളില്‍ നിന്നോ ക്ഷേത്രീയ സംഘടനകളില്‍ നിന്നോ വധഭീഷണി ഉണ്ടായിട്ടില്ല. ഈ മാധ്യമത്തില്‍ വാര്‍ത്ത വന്ന സമയത്തു തന്നെ ഞാന്‍ നിലവിലുള്ള കണ്‍സേന്‍ പോലീസ് സ്റ്റേഷനില്‍ എനിക്ക് ഭീഷണിയില്ല എന്നത് കുടുംബസമേതം അറിയിക്കുകയും ചയ്തു. ശബരിമലയില്‍ വിശ്വാസികള്‍ ആയുള്ള ആള്‍ക്കാര്‍ പ്രശ്നം ഉണ്ടാക്കികൊണ്ട് സ്ത്രീകളെ തടയില്ല എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കലാപം സൃഷ്ടിച്ചു കൊണ്ട് ശബരിമലയിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോടതി വിധിയെ മാനിക്കുന്നു. ഒപ്പം സാധാരണ ജനങ്ങളുടെ മനോവികാരത്തെയും…

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ആര്‍ത്തവം അവിടെ ഒരു പ്രശ്നമായി വരുന്നില്ല എങ്കിലും, ആര്‍ത്തവം തെറ്റാണന്നോ അത് അശുദ്ധമാണെന്നോ ഇന്ന് ഏതെങ്കിലും ഒരു മതമോ വിശ്വസിയോ പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുവരെ ഒരു ക്ഷേത്രത്തില്‍ നിന്നും ഒരു സ്ത്രീയെയും ആര്‍ത്തവത്തിന്‍റെ പേരില്‍ ഇറക്കിവിട്ടതായി ഒരു വാര്‍ത്ത പോലും ഇല്ല. ആര്‍ത്തവം അശുദ്ധo അല്ല. അങ്ങനെ പറയാന്‍ ഉള്ള അവകാശവും ആര്‍ക്കും ഇല്ല.

ഇങ്ങനെ ഒരു വാര്‍ത്ത വന്നതിനു ശേഷം പലരും അവരുടെ ഭാഗത്തു നിന്നും എന്നെ വിളിക്കുകയും അന്വേഷിക്കുകയും ഉണ്ടായി. അതിനപ്പുറം ആരും ഭീഷണിപെടുത്താനോ ഫോഴ്സ് ചെയ്യാനോ വന്നിട്ടില്ല. ഞാനൊരു അയ്യപ്പഭക്തയാണ്. വിശ്വാസ പ്രമാണങ്ങളില്‍ ഞൊടിയിട കൊണ്ടൊരു മാറ്റം സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ തകര്‍ക്കും. ഒരു സമൂഹത്തിന്‍റെ ചിന്താഗതി ഒന്നടങ്കം മാറേണ്ടതുണ്ട്. അങ്ങിനെ ഒരു മാറ്റത്തിന് വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെ ഒരു മാറ്റം വരുമ്പോള്‍. അന്നെനിക്ക് ശ്വാസമുണ്ടെങ്കില്‍ ഞാനും പോവും അയ്യനെ കാണാന്‍.

prp

Related posts

Leave a Reply

*