കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്‌ക്കെതിരെന്ന് ഉദ്യോഗസ്ഥ പ്രമുഖര്‍. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രസംഗത്തെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27നാണ് കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത്. ഇതിനെതിരെയാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കം 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍റെ പ്രസംഗം ഭരണഘടനാവിരുദ്ധമാണ്. അതു തിരുത്തപ്പെടാതെ പോയാല്‍ ദേശീയരാഷ്ട്രീയത്തില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും. ഈ സാഹചര്യത്തില്‍ പ്രസംഗത്തില്‍ വിശദീകരണം തേടാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറാവണം. ഷാ നടത്തിയ പ്രസംഗം ആശങ്കപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

അതില്‍ ഉചിതമല്ലാത്ത രണ്ടു പരാമര്‍ശങ്ങളുണ്ടായി. നടപ്പാക്കാന്‍ കഴിയാവുന്ന ഉത്തരവുകളെ സുപ്രീംകോടതി പുറപ്പെടുവിക്കാവൂവെന്നാണ് ഒരു പരാമര്‍ശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നും പ്രസംഗത്തില്‍ പറയുകയുണ്ടായി. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവു നടപ്പാക്കുന്നതില്‍നിന്നു മാറി നില്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു പ്രസ്താവനയില്‍ പറയുന്നു.

 

prp

Related posts

Leave a Reply

*